ഇടച്ചങ്ങല ഇട്ടു നില്ക്കാന്‍


മടിക്കുന്ന മനസ്സില്‍നിന്നു


ആര്‍ദ്രമായി ....

Tuesday 4 September 2012

ദൈവത്തിന്‍റെ  മകന്‍

എന്‍റെ  വിരലില്‍തൂങ്ങി ,അവന്‍ പിച്ചവച്ചുതുടങ്ങി ..
പച്ച പുല്‍ത്തകിടിയില്‍  ഞാനവനെ നടത്തിച്ചു ..
അവന്‍ നടന്നു ...എന്നെവിശ്വസിച്ച് ...എന്നോടൊപ്പം .
ഞാന്‍ അവനായ്  എന്‍റെ  വേഗത  കുറച്ചു .
                      പലപ്പോഴും ബലമില്ലാത്ത  പിഞ്ചു മുട്ടുകള്‍ മടങ്ങി ,അവന്‍
                                 വീഴാന്‍പോയി ,പക്ഷേ വീണില്ല ...
                           എന്‍റെ വിരല്‍തുമ്പു അവനു താങ്ങായി ,ശക്തി നല്‍കി ...
     
         നിമിഷങ്ങള്‍ മാറി മാറി വന്ന  ദിവസങ്ങളിലൂടെ  അവന്‍ സ്വന്തം
         കഴിവില്‍ നടക്കാന്‍  പഠിച്ചു .
                      ആദ്യം മൃദുവായ  പ്രതല ത്ത് ,,പിന്നെ പരുക്കന്‍ തറകളിലും ...
                                 പരുക്കന്‍ യാഥാര്‍ ദ്ധ്യ ങ്ങളിലും ...
                           സ്വയം ഉണ്ടാക്കിയെടുത്ത  ശക്തിയില്‍ .
പക്ഷേ  ഞാനപ്പോഴും എപ്പോഴും  അവനു  നല്‍കിയതും  നല്‍കാന്‍  ആഗ്രഹിച്ചതും  എല്ലാം മൃദുവായതായിരുന്നു .
                                                 
                                         കാലം കടന്നുപോയി ...
എന്‍റെ  വിരലുകള്‍ക്ക്  ഇപ്പോള്‍ ശക്തി  ക്ഷയിച്ചു .
അവന്‍ എനിക്കു കൈകള്‍  നീട്ടി തരുന്നു ...എന്‍റെ ശരീരത്തിനെ  താങ്ങാന്‍ .
 
                     അവന്‍ എനിക്കായി ഇപ്പോള്‍ അവന്‍റെ  വേഗത  കുറച്ചിരിക്കുന്നു ....
                       എന്‍റെ ഓരോ ചുവടു വയ്പ്പുകളുടെയും  ബല ത്തിനായി .
അവന്‍റെ തൂവാല കൊണ്ടുപോലും  എന്‍റെ  മുഖത്തെ  വേവലാതികള്‍
            അവന്‍ തുടച്ചു മാറ്റുന്നു ...

       അതിലൊക്കെ ആര്‍ദ്രമാകുന്ന  ഹൃദയത്തോടെ ,,ആശ്വാസത്തോടെ
ഒന്നു  ഞാന്‍ മനസ്സിലാക്കുന്നു ...
                                   
                               അന്നു  ഞാന്‍ അവനു മൃദുവായി  നല്‍കിയതൊക്കെ  കൂടിച്ചേര്‍ന്നു  അവന്‍റെ ഹൃദയത്തെ മൃദുലമാക്കിയിരിക്കുന്നു .

                               അവന്‍ എന്‍റെ മാത്രം  മകനല്ല ........
                                ദൈവത്തിന്‍റെയും  .......





Saturday 25 August 2012

മഞ്ഞ് 
മഞ്ഞുപാളികളില്‍ ,മഞ്ഞുകട്ടകളില്‍ ,
ആദ്യസ്പര്‍ശനം ....
അതൊരു അനുഭവമായിരുന്നു ...
ആദ്യമായാണ്‌ ,
കോരിത്തരിപ്പിക്കുന്ന മഞ്ഞു നാം ആസ്വദിക്കാന്‍ അവിടെ എത്തിയത് . .
തണുപ്പില്‍ മരവിച്ച എന്‍റെ കാലുകളില്‍ 
വേദനയുംകൂടി തണുത്തുറ ഞ്ഞപ്പോള്‍ ,
നിന്‍റെ സ്നേഹത്തിന്‍റെ ചൂടു ഞാന്‍ കൊതിച്ചു .
അകലേയ്ക്കു നാം മാറിയിരുന്നു .
തീകാഞ്ഞു .....ശരീരങ്ങളെ ചൂടാക്കി ...
നിന്‍റെ സുഖങ്ങള്‍ എനിക്കായി മാറ്റിവച്ചു നീ ഉറങ്ങി ,,
പക്ഷേ നീ ബാക്കിവച്ച നിന്‍റെ സുഖങ്ങള്‍ 
എന്‍റെ യുള്ളില്‍ നേരത്തേ എനിയ്ക്കു വേദന സമ്മാനിച്ച 
മഞ്ഞുക്കട്ടപോലെ ഘനീ ഭവിച്ചു .
മഞ്ഞു സമ്മാനിച്ച ആ വേദനയോടെ ഞാനും പിന്നെ നിന്നോടൊപ്പം 
ഉറങ്ങാന്‍ ശ്രമിച്ചു .

Thursday 23 August 2012


രണ്ട്നിബന്ധനകള്‍
ഒന്ന്‍ .......

വിലങ്ങിട്ട മനസ്സിന്‍റെ വിങ്ങലോടെ ഞാന്‍ സ്നേഹിക്കാം 
വിറ കൊള്ളും ദീപത്തിന്‍ കണ്ണു പൊത്തി അല്പം ഇരുട്ടു നീ സമ്മാനിക്കുമെങ്കില്‍ .....!
വിലപിക്കാന്‍ എന്‍റെ മനസ്സിനെ അനുവദിക്കാതിരിക്കുമെങ്കില്‍ ....!
വിശ്രമിക്കാനായ് ഹൃദയത്തിനോരം ,,,
വിലപ്പെട്ട ആശ്വാസ വാക്കുകള്‍ ,,,
വില്പ്പനച്ചരക്കാകാന്‍ മടിക്കുന്ന ശരീരം ,,,,
ഇവയൊക്കെ നിനക്കു സ്വീകാര്യമെങ്കില്‍ .....
വേര്‍പെടുമ്പോള്‍ ...എന്നിട്ടും നിന്‍റെ തൊണ്ടയില്‍ ഗദ്ഗദം തളംകെട്ടി ബാക്കി നില്‍ക്കുമെങ്കില്‍ .....!

രണ്ട് ......

വേണ്ട ,,നീ ബദ്ധ പ്പെടേണ്ട ,,
നിനക്കു രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ തന്നെ കാട്ടിത്തരാം:

നിറഞ്ഞ കണ്ണുകളെ കണ്ടില്ലാന്നു വയ്ക്കുക ,
മൊഴിഞ്ഞ വാക്കുകളെ കേട്ടില്ലാന്നു വയ്ക്കുക 
ഉണര്‍ത്തിയ മോഹങ്ങള്‍ക്കു ജീവനില്ലാന്നു വയ്ക്കുക 
വിലക്കിയ സ്വപ്നങ്ങളെ കാണില്ലാന്നുംവയ്ക്കുക .

Monday 30 July 2012

സ്വാര്‍ത്ഥ

                                                 

സുഹൃത്തുക്കള്‍ ...വാക്കില്‍ത്തന്നെ  ഒളിഞ്ഞിരിപ്പുണ്ട് ,ഒരു നന്മയുടെ  ലാഞ്ചന .
     
    സുഖദുഖങ്ങളിലും , ഹൃദയത്തിന്‍റെ  ഭാഷ   ഉള്‍ക്കൊള്ളുന്നവര്‍ ...
                       ഹൃദയത്തെ ഹൃദയം കൊണ്ട് അറിയുന്നവര്‍!!1!!!!  !!.


         ഉണ്ട് ..എനിക്കും  ആത്മ സുഹൃത്തുക്കള്‍ ,കടലാസും പേനയും .


  ഉള്‍ക്കൊള്ളല്‍ എന്ന  പ്രതിഭാസം  ശരിക്കും അറിയാവുന്നവര്‍ .


പ്രതിഷേധത്തിന്‍റെ  സ്വരം ഒന്നു  മൂളാന്‍ പോലും  ശ്രമിക്കാതെ ,മൌനമായി  എന്നോടു  സംവേദിച്ചു  എന്‍റെ നിമിഷങ്ങള്‍  അവരുടേതുമാക്കി  മാറ്റുന്നവര്‍ .


                        എന്നെപ്പോലെ ,അവരും ആരുടേയും  സ്വകാര്യതയില്‍  കടന്നു  കയറാറില്ല ...


               പിന്നെ ..ഇടയ്ക്കെപ്പോഴോക്കെയോ  ഞാന്‍ ഒരു  സുഹൃത്തിനെക്കൂടി കണ്ടെത്തി ...


                                     മഴ എന്ന സുഹൃത്ത് !


  അവള്‍ക്കു  ആശ്വാസത്തിന്‍റെ രൂപമാണെന്നാണറിവ് .


                 സ്വകാര്യമായ്  ആര്‍ക്കൊക്കെയോ  ,എന്തൊക്കെയോ  പങ്കിടാനാണ്  അവളുടെ ഇടയ്ക്കിടയ്ക്കുള്ള വരവെന്ന് എനിയ്ക്കും  അറിയാമായിരുന്നു .എങ്കിലും .....


        എന്നെക്കാണാനവള്‍  കൈനിറയെ  കുളിരുകൊണ്ടു വരുന്ന  നല്ലൊരു സുഹൃത്തായി  വേഗം മാറി. അങ്ങിനെ അവളെ ഞാന്‍ കാത്തിരിക്കുക  പതിവായി.




                                ഋതുഭേദങ്ങള്‍   വകവയ്ക്കാതെ,  അവള്‍  വന്നെങ്കില്‍  എന്ന്  ഞാനാഗ്രഹിക്കാന്‍  തുടങ്ങിയിരുന്നു . വന്നപ്പോഴൊക്കെ  മൌനമായി ഞാനവളെ വരവേറ്റു.


പിന്നെ ,ആരുംകേള്‍ക്കാതെ  പലതും ,ഞാനവളുടെ  കാതില്‍  മന്ത്രിച്ചു .


          അതു കേള്‍ക്കെ  ചിലപ്പോഴൊക്കെ  അവളുടെ  മുഖം  തുടുത്തു ..


                                   മറ്റു ചിലപ്പോള്‍ അവള്‍  പരിഭവിക്കുകയും  ചെയ്തു .


അകാരണമായി  അവള്‍ ഇടയ്ക്ക് രൌദ്രയായും മാറി .


                     അവളുടെ  വരവോടെ  നഷ്ടപ്പെടുന്ന  എന്‍റെ സാമീപ്യത്തിനായി ,കുഞ്ഞുകിളികള്‍  ഒത്തു ചേര്‍ന്ന്  ചിലച്ചു  പ്രതിഷേധിക്കുന്നത്  ഒരിക്കല്‍  ഞാനവള്‍ക്ക്  കേള്‍പ്പിച്ചു കൊടുത്തു .അവളുടെ മടക്കയാത്രയില്‍ ,അവര്‍  ചിറകു കുടഞ്ഞു  എന്നോട്  പിന്നെ  സന്തോഷം  പ്രകടിപ്പിക്കാറുണ്ടെന്നും   ഞാന്‍ മഴയോട് പറഞ്ഞു .


               വര്‍ണ്ണചിറകു  കിട്ടാത്തതില്‍  പരിഭവിക്കാതെ , ചട്ടുകാലിയായി  
നടക്കുന്ന  കരിയിലക്കിളികളെ  കൌതുകത്തോടെ മഴ നോക്കിനിന്നു .


പ്രഭാതവും പ്രദോഷവും വന്നുപോകാറുള്ള എന്‍റെ  വാതിലിനരികില്‍ , 
അണ്ണാറക്കണ്ണനും , തത്തയും കുരുവിയും കുയിലും മൈനയും ഒക്കെ എത്താറുള്ളത് ആവേശത്തോടെ  ഞാനവളോട് പറഞ്ഞു .


                                      അകലേക്കു  പറന്നു പോയ തൂക്കണാംകുരുവി  ഉപേക്ഷിച്ചു പോയ  കൂടുമായി ഞാന്‍,അതിന്‍റെ  വരവും കാത്തിരിക്കുന്നതായി  പറയവേ... എന്‍റെ  മുഖത്തുണ്ടായ ലേശം പരിഭവം , അവളെ അസ്വസ്ഥയാക്കിയതായി   തോന്നി .


                                   തൂക്കണാംകുരുവി , തിരികെയെത്തുമ്പോള്‍ , " എന്നെ ഇതുവരെ  പിരിഞ്ഞിരിക്കാന്‍ നിനക്കെങ്ങനെ കഴിഞ്ഞു "... എന്ന് ചോദിക്കുമെന്ന എന്‍റെ  വാശി  കേട്ട് മഴ , ചുണ്ടിലൂറിനിന്ന  ചിരിയൊതുക്കി .




                  മഴയെത്തുംവരെയുള്ള  എന്‍റെ  ഏകാന്തത  മാറ്റാറുള്ള ആ കൊച്ചു സൌഹൃദങ്ങളുടെ  വിവരണം  അങ്ങിനെ ഞാന്‍  അവിടെ  നിര്‍ത്തി..അവളുടെ  ഭാവമാറ്റം  ശ്രദ്ധിച്ചു ..


                     പരിഭവവും , വെറുപ്പും , വേദനയും  കലര്‍ന്ന  ഒരു നെടുവീര്‍പ്പ്   പതിവില്ലാതെ  അവളില്‍നിന്നുയര്‍ന്നു .


                                                                  അന്നാദ്യമായി  അവളെയോര്‍ത്തു  ഞാന്‍ വേദനിച്ചു , ഒപ്പം മനസ്സിലാക്കി ,
                                               "സ്വാര്‍ത്ഥയാണ്  നീയും .... മറ്റാരെപ്പോലെയും" !!!

Friday 27 July 2012

ഉപദേശം

                                                                   
നോവിന്‍റെ  മുഖത്ത്   കണ്ണീര്‍ ഒലിച്ചുക്കൊണ്ടേയിരുന്നു  ..
. അത്  യാതനകള്‍ സമ്മാനിച്ച  പെരുമഴയാകാതിരിക്കാന്‍ അവള്‍ ഉള്ളില്‍ പാടുപെടുന്നുണ്ടായിരുന്നു ....
               
   എന്നത്തേയും പോലെ, അത് ആവശ്യമില്ലാത്ത നോവല്ലേ എന്ന് ജീവിതം അവളെ  കുറ്റപ്പെടുത്തി .
             
      കെട്ടപ്പോഴൊക്കെ , അനുസരണയില്ലാത്ത തന്‍റെ കണ്ണുകളെ അവള്‍ 
ശാസിച്ചു . 


  അതിനിടയില്‍ നിറയെ നിറഞ്ഞുനിന്ന മിഴികളോട് യാത്ര പറഞ്ഞിറങ്ങി , താഴെക്കൊഴുകിയ ഒരുതുള്ളി കണ്ണീരു അവളുടെ വെളുത്ത ദേഹത്ത് വീണു .
          


  പിന്നെ.... ആ നെഞ്ചത്ത് ചേര്‍ന്നുനിന്നു. മെല്ലെ ആ ഭിത്തിയില്‍ മുഖമമര്‍ത്തി  അത് പതിയെ വിളിക്കുന്നുണ്ടായിരുന്നു ...
      " മനസ്സേ , നീയല്ലേ ഇതിനു കാരണക്കാരി ?? 
        
  എന്തിനു എന്നെ ഇതിനു പഴി കേള്‍പ്പിക്കുന്നു.... ??
       
  നിനക്കിനിയെങ്കിലും  ശക്തയായാലെന്താ ..????"

Saturday 21 July 2012

തോല്‍വി

                                                                       

കൊച്ചുവര്‍ത്തമാനത്തിനിടയ്ക്ക് , കണ്ണാടി ചില്ലിട്ട  വട്ടമേശ മേല്‍ 
  താളമിട്ടിരുന്നു ,അവന്‍  അവളോടു  ചോദിച്ചു ....
                          ഇതുവരെ ചോദിക്കാന്‍  കഴിഞ്ഞില്ല ,.ഇനി ചോദിക്കുന്നു ...,
                          ഞാന്‍  പങ്കിടേണ്ടതെന്താണ് ...?
                     ഞാന്‍  പകരേണ്ടതെന്ത് ....?
വിശാലമനസ്സാണെന്നറിയിക്കാന്‍  മുഖവുരയടക്കം  തൊടുത്തുവിട്ട  ചോദ്യങ്ങളാണ് ..
                           സത്യമായും  ഉത്തരത്തിനായ്  ചോദിച്ചവ  തന്നെയാണോ  ഇവ ..?
സംശയ ദൃഷ്ടിയോടെ  അവള്‍ വേഗം  അവനെ  നോക്കി .


                     മുന്നിലെ  തണുത്തുറഞ്ഞിരുന്ന  മധുരം  ഒന്നും  വകവയ്ക്കാതെ  നിമിഷത്തോടൊപ്പം  അലിഞ്ഞിറങ്ങി  ,ഇത്തിരിപോന്ന  പാത്രം  നിറച്ചു കൊണ്ടേ യിരിക്കുന്ന തവന്‍  കണ്ടു .


                                 തൊടുത്ത  ചോദ്യത്തിലൂടെ  തന്‍റെ  പൌരുഷവും  ഇങ്ങിനെ  
ഉരുകിയിറങ്ങുകയാണോ ..?
                                          
                                     അല്പം  ഭീതിയോടെ  തന്നെ  അവനോര്‍ത്തു ,,
                           "   എന്നേയ്ക്കുമായ്‌  അതു  നഷ്ടപ്പെടാന്‍  തുടങ്ങുന്നുവോ ../
  ചോദിച്ചത്  അബദ്ധമായോ ../ഇനി  ഇതൊക്കെ  വരങ്ങളായി  രൂപം  പ്രാപിച്ചേ യ്ക്കുമോ ..?"


                                  ഇത്രയും ആകാംഷ  അവനിലെ  പുരുഷന്‍റെ  അപകര്‍ഷതയാണെന്നുള്ളത്  ഉറപ്പ് .


                         നുണഞ്ഞു തുടങ്ങിയ  മധുരം  ഇത്തിരി  ചുണ്ടില്‍  പുഞ്ചിരി യോടൊപ്പം  ചേര്‍ത്തു  അവള്‍  മറുപടി  പറഞ്ഞു ,,..
                                         "  നീ  പങ്കിടേണ്ടത്   .......കരുത്തോടെ  നമ്മുടെ  ജീവിതം... 
                                            നീ  പകരേണ്ടത് .......എന്‍റെ  ചുണ്ടിലേക്ക്  മായാത്ത  ചിരി ...എന്താ  സംശയമുണ്ടോ ....?"


                                നിശബ്ദനായ് ,ആശ്വാസം  നിറഞ്ഞ  ചിരിയോടെ  അവന്‍  വീണ്ടും   മധുരത്തിലേയ്ക്കു  നോക്കി ..
                                  ഇനി അലിയാനില്ലാത്ത വിധം   അലിഞ്ഞു  അതിന്‍റെ തോല്‍വി   സമ്മതിച്ചു  അവനെ  കാത്തിരിക്കയാണ് .....
                                     "  തണുപ്പ്  ഇനി  സമ്മാനിക്കാന്‍   കഴിയാത്ത  ദുഖത്തോടെ ...."!
                                                                                                          


                                                                     

ഉടമ്പടി

                                                           
അവള്‍ക്ക്  നീരസം  നല്‍കി ,ഒരു രാത്രി കൂടി  കടന്നുപോയി .


വിടരാതെ  നില്‍ക്കുന്ന  നിശാഗന്ധിയോടു  പിറ്റേന്നു  പുലരിയിലും  അവള്‍ കാരണം  തിരക്കി .
   
വിടരാന്‍  കഴിയാത്തതിന്‍റെ  പരിഭവം  നിറച്ച ഭാവമുള്‍ക്കൊണ്ട്‌   അതു  നില്‍ക്കുന്നത്കണ്ടു  ഖേദിക്കുകയും  ചെയ്തു .


                       അങ്ങകലെ  പതിവുപോല്‍  സൂര്യന്‍  സുന്ദരനായെത്തി .


          ആ  വരവിനായ്  കാത്തു  അക്ഷമയായി  നിന്ന  സൂര്യകാന്തി  മുഖം  മെല്ലെ മെല്ലെ  ഉയര്‍ത്തി ...പിന്നെ നാണത്തോടെ അവര്‍ പരസ്പരം നോക്കുന്നതും കണ്ടു .


                                        അതേ  ദിവസങ്ങളില്‍ ,,പത്തുമണി പ്പൂവും  നാലുമണി പ്പൂവും  സൂര്യനെ  നോക്കുകയും ,പതിവു മാതിരി  പൂക്കുകയും  കൊഴിയുകയും  ചെയ്തു ...സൂര്യകാന്തിഅറിയാതെ .


                                 
                                          നിശാഗന്ധിയെ  വിടര്‍ത്താന്‍  രാത്രിമാത്രം  മതിയാകില്ല  എന്നവള്‍  ദിവസങ്ങള്‍ക്കുള്ളില്‍  കണ്ടുപിടിച്ചു .


                                     വിദൂരതയില്‍നിന്നുള്ള  ഗന്ധര്‍വ്വ ന്‍റെ  വരവുനോക്കി  വിരിയാന്‍  കാത്തുനില്‍ക്കുന്ന  നിശാഗന്ധിയെ  അങ്ങിനെ   ആദ്യമായി 
അവള്‍  അരിശം  നിറച്ചു  നോക്കി .


                                    ആ  നോട്ടത്തിലടങ്ങിയിരുന്ന  കുറ്റപ്പെടുത്ത ലിന്‍റെ  മുള്‍മുനകള്‍  കണ്ടു  ,,
                            അവളുടെ  കഴുത്തിലെ  മിന്നുന്ന  ഉടമ്പടി  അവളെ  നോക്കി 
                                                             ഗൂഡമായ് മന്ദഹസിച്ചു ....